എൻഡിഎ സ്ഥാനാർഥി സന്തോഷ് ചെറാക്കുളവുമായുള്ള അഭിമുഖം

മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് ഇരിങ്ങാലക്കുട വികസന വിഷയത്തിൽ പുറകിലെന്ന് എൻഡിഎ സ്ഥാനാർഥി സന്തോഷ് ചെറാക്കുളം ; മാറ്റം വരണമെങ്കിൽ കേന്ദ്ര ഫണ്ട് വരണമെന്നും ഇരിങ്ങാലക്കുട ജില്ല രൂപീകരിക്കാൻ പ്രഥമ പരിഗണനയെന്നും പ്രഖ്യാപനം
ഇരിങ്ങാലക്കുട : മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് ഇരിങ്ങാലക്കുട വികസന വിഷയത്തിൽ പുറകിലാണെന്ന് എൻഡിഎ സ്ഥാനാർഥി സന്തോഷ് ചെറാക്കുളം. റോഡുകൾ തകർന്ന് കിടക്കുന്നു. കുടിവെള്ളം ലഭിക്കാത്ത സാഹചര്യം തുടരുന്നു. മാറ്റം വരണമെങ്കിൽ കേന്ദ്ര ഫണ്ട് ലഭിക്കണം . എന്നാൽ പണം ലഭിച്ചാൽ ബിജെപി യ്ക്ക് ഗുണകരമാകുമെന്ന പേടി കൊണ്ട് നഗരസഭയും പഞ്ചായത്തുകളും ഫണ്ട് നേടിയെടുക്കുന്നതിൽ താൽപ്പര്യം കാണിക്കുന്നില്ലെന്ന് ഫസ്റ്റ് എഡീഷ്യൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ എൻഡിഎ സ്ഥാനാർഥി ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിൻ്റെ പദ്ധതികൾ സ്വന്തം പേരിലാക്കി മാറ്റാനാണ് യുഡിഎഫും എൽഡിഎഫും ശ്രമിക്കുന്നത്. ഇരിങ്ങാലക്കുടയിൽ നിർമ്മാണം പൂർത്തിയാകുന്ന കോടതി കെട്ടിടത്തിൻ്റെ 64 % പൈസയും കേന്ദ്രം നൽകിയതാണ്. താലൂക്ക് ആശുപത്രിക്ക് സുരേഷ് ഗോപി എം പി താൽപ്പര്യമെടുത്ത് ഒരു കോടി രൂപ അനുവദിച്ചു. ക്രൈസ്റ്റ് കോളേജിൽ സിന്തറ്റിക് ട്രാക്ക് നിർമ്മിക്കാൻ കേന്ദ്രം ഒൻപത് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
2016 ൽ താൻ മൽസരിക്കുമ്പോൾ ബിജെപി ഇത്രയ്ക്കും ശക്തമായിരുന്നില്ല. എന്നാൽ 6000 വോട്ടിൽ നിന്നും മുപ്പതിനായിരത്തോളം വോട്ട് ആക്കി ഉയർത്താൻ തനിക്ക് കഴിഞ്ഞു. വാർഡ് വിഭജനത്തിൽ നടത്തിയ ഇടപെടലുകളാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയെ ബാധിച്ചത്. വോട്ട് കൂടിയെങ്കിലും വിജയിച്ചവരുടെ എണ്ണം കുറഞ്ഞു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് , ഐടിയു ബാങ്ക് തട്ടിപ്പ് എന്നീ വിഷയങ്ങളിൽ സജീവമായി ഇടപെട്ടത് ബിജെപി യാണ്.
തിരഞ്ഞെടുക്കപ്പെട്ടാൽ ഇരിങ്ങാലക്കുട ജില്ല രൂപീകരിക്കുമെന്നും മണ്ഡലത്തിൻ്റെ അടിസ്ഥാന വികസനങ്ങൾ ശക്തമാക്കുമെന്നും സന്തോഷ് ചെറാക്കുളം പറഞ്ഞു
Please follow and like us: