ഇരിങ്ങാലക്കുട പ്രസ്സ് ക്ലബിൻ്റെ വാർഷികം; മൂലധന കേന്ദ്രീകൃതമായ മാധ്യമ വ്യവസ്ഥകളെ തമസ്കരിച്ച് തനിമയാർന്ന വാർത്തകൾ സൃഷ്ടിക്കാൻ മാധ്യമപ്രവർത്തകർക്ക് കഴിയേണ്ടതുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലളിത ബാലൻ
ഇരിങ്ങാലക്കുട : സമൂഹത്തിന് ശാപമായി മാറികഴിഞ്ഞിട്ടുള്ള മൂലധന കേന്ദ്രീകൃതമായ മാധ്യമ വ്യവസ്ഥകളെ തമസ്കരിച്ച് തനിമയാർന്ന വാർത്തകൾ സൃഷ്ടിക്കാൻ മാധ്യമ പ്രവർത്തകർക്ക് കഴിയേണ്ടതുണ്ടെന്ന് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലളിത ബാലൻ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട പ്രസ്സ് ക്ലബിൻ്റെ വാർഷികയോഗത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. വാർത്തകളുടെ ഉറവിടങ്ങൾ കൃത്യമായി രേഖപ്പെടുത്താനുള്ള ജാഗ്രതയും ഉണ്ടാകണമെന്ന് ബ്ലോക്ക് പ്രസിഡണ്ട് പറഞ്ഞു. ക്ലബ് ഹാളിൽ നടന്ന യോഗത്തിൽ ക്ലബ് പ്രസിഡൻ്റ് പി ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നവീൻ ഭഗീരഥൻ റിപ്പോർട്ടും ട്രഷറർ ഷാജൻ ചക്കാലക്കൽ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ഭാരവാഹികളായി ഷോബി കെ പോൾ (പ്രസിഡണ്ട്), ടി ജി സിബിൻ (വൈസ്- പ്രസിഡണ്ട്) , അഞ്ജുമോൻ വെള്ളാനിക്കാരൻ ( സെക്രട്ടറി) , ജോസ് മാമ്പിള്ളി (ജോയിൻ്റ് സെക്രട്ടറി) , രാകേഷ് സി കെ ( ട്രഷറർ) , മൂലയിൽ വിജയകുമാർ, വി ആർ സുകുമാരൻ (കമ്മിറ്റി അംഗങ്ങൾ) പി ശ്രീനിവാസൻ (ഓഡിറ്റർ) എന്നിവരെ തിരഞ്ഞെടുത്തു. വൈസ്- പ്രസിഡണ്ട് കെ എ റിയാസുദ്ദീൻ, രാജീവ് മുല്ലപ്പിള്ളി, ഷോബി കെ പോൾ, അഞ്ജുമോൻ വെള്ളാനിക്കാരൻ എന്നിവർ സംസാരിച്ചു.