തദ്ദേശ തിരഞ്ഞെടുപ്പ്; മുന്നണികൾ ഒരുക്കങ്ങളിലേക്ക്; സുരക്ഷിതമായ വാർഡുകൾ തേടി ഇരിങ്ങാലക്കുട നഗരസഭയിലെ പ്രാദേശിക നേതാക്കൾ

തദ്ദേശതിരഞ്ഞെടുപ്പ്; മുന്നണികൾ ഒരുക്കങ്ങളിലേക്ക്; സുരക്ഷിതമായ വാർഡുകൾ തേടി ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ പ്രാദേശിക നേതാക്കൾ

ഇരിങ്ങാലക്കുട : മുന്നണികൾ തദ്ദേശതിരഞ്ഞെടുപ്പിൻ്റെ ഒരുക്കങ്ങളിലേക്ക്. വാർഡ് സംവരണവുമായി ബന്ധപ്പെട്ട കൃത്യതയും വന്നതോടെ മുന്നണികളും സ്ഥാനാർഥി മോഹികളും ഉണർന്ന് കഴിഞ്ഞു. ഇരിങ്ങാലക്കുട നഗരസഭയിൽ ഇക്കുറി 43 വാർഡുകളിലേക്കാണ് മൽസരം . താലോലിച്ച് കൊണ്ട് നടന്നിരുന്ന വാർഡുകൾ സംവരണപ്പട്ടികയിൽ കടന്ന് കൂടിയതോടെ സീറ്റ് ഉന്നം വച്ച് ഇരുന്നവർ നിരാശരുമായി . എന്നാൽ സമീപ വാർഡുകൾ പരീക്ഷിക്കാനുള്ള ഉറച്ച തീരുമാനത്തിൽ തന്നെയാണ് പ്രമുഖരും . വാർഡ് മാറി മൽസരിക്കാൻ വരുന്നവർ വിമത ഭീഷണി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുകളും ഉയരുന്നുണ്ട്. മുന്നണി സീറ്റ് കിട്ടിയില്ലെങ്കിൽ സ്വതന്ത്രരായി മൽസരിക്കുമെന്ന പ്രഖ്യാപനവും ചില വാർഡുകളിൽ വന്ന് കഴിഞ്ഞു.

വാർഡ് , മണ്ഡലം തലങ്ങളിൽ നിന്ന് സ്ഥാനാർത്ഥിത്വം സംബന്ധിച്ച നിർദ്ദേശങ്ങൾ ജില്ലാ കമ്മിറ്റി അംഗീകരിച്ച് പുറത്തിറക്കുന്ന ആചാരമാണ് യുഡിഎഫിൽ നിലവിലുള്ളതെങ്കിലും പ്രാദേശിക ഗ്രൂപ്പ് നേതാക്കൾ തന്നെയായിരിക്കും ഇത്തവണയും ഇക്കാര്യത്തിൽ പ്രധാന ഘടകമായി മാറുകയെന്നത് തീർച്ചയാണ്. പഴയ നഗരസഭ പരിധിയിൽ എ ഗ്രൂപ്പ് ഭൂരിപക്ഷം സീറ്റുകളും കയ്യടക്കും. വാർഡുകളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ പഴയ നഗരസഭ പരിധിയിൽ അഞ്ച് സീറ്റുകൾ ഐ ഗ്രൂപ്പ് നോട്ടമിട്ടിട്ടുണ്ട്. പൊറത്തിശ്ശേരി മണ്ഡലത്തിൽ ഐ ഗ്രൂപ്പിൽ നിന്നുള്ളവരാണ് കൂടുതൽ സീറ്റുകളിലും മൽസരിക്കാൻ സാധ്യത. കേരള കോൺഗ്രസ്സ് രണ്ട് സീറ്റുകളിലാണ് ഇത്തവണയും മൽസരിക്കുക. നഗരസഭയിൽ രണ്ട് സീറ്റുകൾ വർധിച്ച സാഹചര്യത്തിൽ ഒരു സീറ്റ് കൂടി കേരള കോൺഗ്രസ്സ് ആവശ്യപ്പെടാൻ ഒരുങ്ങുന്നുണ്ടെങ്കിലും കോൺഗ്രസ്സ് നേതൃത്വം വഴങ്ങാൻ സാധ്യതയില്ല. യുഡിഎഫ് യോഗം ചേർന്നിട്ടില്ലെങ്കിലും കെപിസിസി , ഡിസിസി , മണ്ഡലം ഭാരവാഹികളുടെ കോർ കമ്മിറ്റി യോഗം ചേർന്ന് കഴിഞ്ഞിട്ടുണ്ട്

ചെയർപേഴ്സൺ പദവി പങ്കിട്ട സോണിയ ഗിരി , സുജ സഞ്ജീവ്കുമാർ, മേരിക്കുട്ടി ജോയ് എന്നിവരിൽ സുജ സഞ്ജീവ് കുമാർ വീണ്ടും ജനവിധി തേടിയേക്കും. നിയമസഭ സീറ്റ് ലക്ഷ്യം വയ്ക്കുന്ന കെപിസിസി ജനറൽ സെക്രട്ടറി സോണിയ ഗിരി നാലാമൂഴത്തിന് ഇല്ലെന്ന് വ്യക്തമാക്കിയതായിട്ടാണ് സൂചന.ഭരണകക്ഷിയിൽ നിന്നുള്ള ജെയ്സൻ പാറേക്കാടൻ, എം ആർ ഷാജു, ബിജു പോൾ , സിജു യോഹന്നാൻ എന്നിവരുടെ വാർഡുകൾ സംവരണപ്പട്ടികയിൽ ഇടം പിടിച്ചതോടെ മൽസരിക്കാനുള്ള സാധ്യത മങ്ങിക്കഴിഞ്ഞു. മുൻ വൈസ്- ചെയർമാൻ ടി വി ചാർലി അടുത്ത വാർഡിലേക്ക് ചേക്കേറുമെന്നാണ് സൂചന. നിലവിലെ വൈസ്- ചെയർമാൻ ബൈജു കുറ്റിക്കാടൻ, ഭരണകക്ഷിയിലെ കെ എം സന്തോഷ് എന്നിവർ വീണ്ടും സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ചേക്കും . കഴിഞ്ഞ ഭരണ സമിതിയിൽ നിന്നും ആൻ്റോ പെരുമ്പിള്ളി, വി സി വർഗ്ഗീസ്, ബിജു ലാസ്സർ , കെ കെ അബ്ദുള്ളക്കുട്ടി, കുര്യൻ ജോസഫ് എന്നിവരും ജനവിധി തേടിയേക്കും . 43 വാർഡുകളിൽ 24 ഉം സംവരണ പട്ടികയിൽ ഇടം പിടിച്ചതോടെ ജനറൽ വാർഡുകളിൽ സ്ത്രീകളെ പരിഗണിക്കേണ്ടതില്ലെന്ന ധാരണയാണ് യുഡിഎഫിൽ ഉള്ളത്.

എൽഡിഎഫ് ഇത് വരെ സ്ഥാനാർഥി നിർണ്ണയ ചർച്ചകളിലേക്ക് കടന്നിട്ടില്ല. നഗരസഭയുടെ അധ്യക്ഷ സ്ഥാനം സംബന്ധിച്ച കൃത്യമായ തീരുമാനം വന്നാൽ മാത്രമേ പൂർണ്ണതോതിൽ ചർച്ചകളിലേക്ക് കടക്കുകയുള്ളൂ. പ്രകടന പത്രികയ്ക്കുള്ള നിർദ്ദേശങ്ങൾ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. നിലവിലെ ഭരണസമിതിയിലുള്ള പ്രമുഖ എൽഡിഎഫ് പ്രതിനിധികളുടെ വാർഡുകളും സംവരണ വാർഡുകളായി മാറിയതോടെ സുരക്ഷിതമായ മറ്റ് വാർഡുകൾ തേടേണ്ട അവസ്ഥയിലാണ് പലരും . രണ്ടും മൂന്നും അവസരങ്ങൾ ലഭിച്ചവരെ ഇനി മൽസരരംഗത്തേക്ക് ഇറക്കാൻ സാധ്യതയില്ല. സ്വാധീനം കുറവുള്ള പഴയ നഗരസഭ പ്രദേശത്ത് പൊതുസമ്മതിയുള്ളവരെ പരീക്ഷിക്കാനാണ് എൽഡിഎഫ് ഒരുങ്ങുന്നത്.

നഗരസഭ ഭരണം ഉന്നമിടുന്ന ബിജെപി യിൽ സ്ഥാനാർഥി നിർണ്ണയം സംബന്ധിച്ച് വാർഡ് മാനേജ്മെൻ്റ് കമ്മിറ്റികളുടെ യോഗങ്ങൾ ആരംഭിച്ച് കഴിഞ്ഞു. ഓരോ വാർഡിൽ നിന്നും അഞ്ച് പേരുടെ പട്ടികയാണ് വാർഡ് കമ്മിറ്റികൾ മേൽത്തട്ടിലേക്ക് നൽകുക. നവംബർ 4 നകം വാർഡ് തലത്തിലുള്ള യോഗങ്ങൾ പൂർത്തിയാകുമെന്നാണ് സൂചന. ബിജെപി പാർലമെൻ്ററി പാർട്ടിയിൽ നിന്നും സന്തോഷ് ബോബൻ, ടി കെ ഷാജുട്ടൻ, ആർച്ച അനീഷ് അമ്പിളി ജയൻ എന്നിവർ പട്ടികയിൽ സ്ഥാനം പിടിച്ചേക്കും . ജനറൽ വാർഡുകളിൽ നിലവിൽ പാർലമെൻ്ററി, സംഘടന രംഗത്ത് ഉള്ള വനിതകളെ മൽസരിപ്പിക്കുമെന്ന സൂചനയാണ് ബിജെപി കേന്ദ്രങ്ങൾ നൽകുന്നത്.

Please follow and like us: