ഓൺലൈൻ തട്ടിപ്പ്; അവിട്ടത്തൂർ സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ
ഇരിങ്ങാലക്കുട : അവിട്ടത്തൂർ സ്വദേശി കുന്നത്ത് വീട്ടിൽ ആദർശ് ( 32 വയസ്സ്) എന്നയാളെ വാട്സാപ്പ് വഴി ബന്ധപ്പെട്ട് DDB World wide media India എന്ന കമ്പനിയുടെ പേരിൽ ഹോട്ടലുകൾക്കും റെസ്റ്റോറണ്ടുകൾക്കും സ്റ്റാർ റെയ്റ്റിങ്ങ് കൊടുക്കുന്ന ഓൺലൈൻ ജോലി ചെയ്താൽ പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആദർശിന്റെ മൊബൈലിലേക്ക് മെസ്സേജുകൾ അയച്ച് കൊടുക്കുകയും പെയ്‌മെന്റിനായി ടെലഗ്രാം അക്കൗണ്ട് അയച്ചു കൊടുത്തും പല തവണകളിലായി പ്രതിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 5,28,000/- രൂപ അയപ്പിച്ച് തട്ടിപ്പ് നടത്തിയ
പ്രതി കണ്ണൂർ കതിരൂർ പുളിയോട് സ്വദേശി വിദ്യ വിഹാർ വീട്ടിൽ വിനീഷിനെ (39 വയസ്സ് ) തൃശ്ശൂർ റൂറൽ സൈബർ പോലീസ് അറസ്റ്റ് ചെയ്തു.
പരാതിക്കാരന് നഷ്ടപ്പെട്ട തുകയിൽ ഉൾപ്പെട്ട 58000/- രൂപ പ്രതിയായ വിനീഷിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആയിട്ടുള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ ജി എസ് ഐ ജെസ്റ്റിൻ കെ വി, സി പി ഒ ശ്രീയേഷ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്. ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയായാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ വിളിച്ച് പരാതിപ്പെടുകയോ www.cybercrime.gov.in എന്ന വെബ് സൈറ്റ് വഴിയും പരാതി നൽകുകയോ ചെയ്യണമെന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് അറിയിച്ചു.















